പച്ചക്കറിവിഷം :നമുക്ക് പോരാട്ടം തുടരാം

an online awareness porgramme

വ്യത്യസ്ത കൃഷി രീതികള്‍

അടുക്കളതോട്ടം : നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറി കൃഷിക്ക് ഉചിതം. മണലിന്റെ അംശം അമിതമാണെങ്കില്‍ ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കേണ്ടതാണ്. വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. ചാണകം, കോഴിവളം ആട്ടിന്‍കാഷ്ഠം, പിണ്ണാക്ക്, ജൈവസ്ളറി, കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ഉപയോഗിക്കാം. ഉണക്കിപ്പൊടിച്ച ചാണകം സെന്റൊന്നിന് 200 കിലോഗ്രാം എന്ന കണക്കില്‍ മണ്ണുമായി ചേര്‍ത്തിളക്കണം. വീട്ടുവളപ്പിന്റെ ഒരതിര്‍ത്തിയില്‍ ശീമക്കൊന്ന നട്ടാല്‍ ആവശ്യത്തിന് പച്ചിലവളം ലഭിക്കും. അടുക്കള മാലിന്യങ്ങളും പച്ചിലവളങ്ങളും ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കുകയും ആവാം.അടുക്കളത്തോട്ടത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വിഷരഹിത പച്ചക്കറികള്‍ക്ക് രുചിയില്ലാഞ്ഞിട്ടല്ല അവ കിട്ടണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഏറെ പേരും ഇതിനായ് കഷ്ടപ്പെടാനും പണം മുടക്കാനും തയ്യാറായിരുന്നു, പക്ഷേ എങ്ങനെ വിത്തു പാകണം? എങ്ങനെ കീടങ്ങളെ വിഷപ്രയോഗമില്ലാതെ ഓടിക്കാം? ഇതൊക്കെ അറിയാവുന്നവര്‍ പുതു തലമുറയില്‍ ചുരുക്കമാണ്. അറിയാവുന്ന പലര്‍ക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ സമയവും സാവകാശവും ഇല്ല.കാര്‍ഷിക ഉപാധികളും സേവനങ്ങളും യഥാവിധി കിട്ടിയാല്‍ മാത്രമേ നമ്മുടെ വീട്ടുവളപ്പുകളിലെ ജൈവകൃഷിക്ക് നിലനില്‍ക്കാനാവൂ. വീട്ടില്‍ തന്നെ വിഷരഹിതപച്ചക്കറി ഉണ്ടാക്കുന്നവര്‍ക്ക് വേണ്ട ഉപായങ്ങളും ഉപാധികളും ഉപദേശിച്ച് കൊടുക്കുകയും എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

മട്ടുപ്പാവ് കൃഷി : കൃഷി സ്ഥലം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറ്റവും അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. വീട്ടിലെ ജൈവമാലിന്യങ്ങള്‍ വളമായും കുടുംബാഗങ്ങളുടെ ഒഴിവുസമയം കൃഷിപണികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്ന സവിശേഷതയും ഉണ്ട്. ചെടിച്ചട്ടിയെക്കാള്‍ മട്ടുപ്പാവിലെ കൃഷിയ്ക്ക് അനുയോജ്യം പ്ലാസ്റ്റിക്ക് ചാക്കാണ്. തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്തിട്ട് അടുത്ത വിള നടുക. രാസവളങ്ങളും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷക്ക് ഒഴിവാക്കുക. വീട്ടിലെ ജൈവമാലിന്യങ്ങളില്‍ നിന്നുള്ള കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴിക്കാഷ്ഠം എന്നിവ ഉള്‍പ്പെടെയുള്ള ജൈവവളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിക്ക് നല്‍കുക. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ അവ വെളളമൊഴിക്കുമ്പോള്‍ ഒലിച്ചിറങ്ങി മട്ടുപ്പാവിന് ബലക്ഷയം ഉണ്ടാക്കും.


©2015. All Rights reserved. Food Safety.